കൊച്ചി: അമ്പലപ്പുഴയിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ജി. സുധാകരന് പിന്തുണ നല്‍കുന്നത് യുഡിഎഫ് ആലോചിച്ചു തീരുമാനിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. വിസ്മയങ്ങള്‍ ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം പറവൂരിൽ പറഞ്ഞു.
സിപിഎമ്മിന്റെ അടിത്തറ കേരളത്തില്‍ ഇളകി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണു ജി. സുധാകരന് സ്വീകരിച്ച നിലപാട്. അദ്ദേഹം ഉത്തമനായ കമ്യൂണിസ്റ്റാണെന്നതില്‍ തര്‍ക്കമില്ല. അദ്ദേഹം അപ്പുറത്തു നില്‍ക്കുമ്പോഴും ബഹുമാനവും ആദരവും കാട്ടിയിട്ടുണ്ട്. സിപിഎമ്മിനെ ബാധിച്ചിരിക്കുന്ന മൂല്യത്തകര്ച്ചയെക്കുറിച്ചാണ് ജി. സുധാകരന് പറഞ്ഞത്. മത്സരിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്.
പുതുയുഗ യാത്രയുടെ ഭാഗമായി പങ്കെടുത്ത നൂറോളം വേദികളില്‍ നിരവധി സിപിഎം പ്രാദേശിക നേതാക്കള്‍ക്കു കോണ്‍ഗ്രസ് അംഗത്വം നല്കി. സിപിഎമ്മില്‍നിന്ന് ഇത്തരമൊരു ഒഴുക്ക് കേരള ചരിത്രത്തില്‍ മുമ്പൊന്നും ഉണ്ടായിട്ടില്ല. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബംഗാളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു സംഭവിച്ചത് കേരളത്തിലെ സിപിഎമ്മിനുണ്ടാകും.
ഗണേഷ് കുമാര്‍ വിഷയത്തില്‍ അവളോടൊപ്പമെന്ന് പറയുകയും അവനോടൊപ്പം നില്‍ക്കുകയും ചെയ്യുന്ന നിലപാടാണു മുഖ്യമന്ത്രിയുടേത്.
സര്‍ക്കാരിനെതിരായ അതിശക്തമായ വികാരം മറയ്ക്കുന്നതിനുവേണ്ടിയാണ് ഖജനാവില്‍നിന്നും കോടികളെടുത്തു പ്രചാരണം നടത്തുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തു തുടങ്ങിയ വീടുകള്‍ ഉള്‍പ്പെടെ ഉള്‍ക്കൊള്ളിച്ചുള്ള പത്തു വര്‍ഷത്തെ ഊതിവീര്‍പ്പിച്ച കണക്കാണ് ഈ സര്‍ക്കാര്‍ പറയുന്നത്.
സാമ്പത്തിക പ്രയാസമുള്ള കാലത്താണു ഖജനാവ് കൊള്ളയടിച്ചുള്ള കള്ളപ്രചാരണം നടത്തുന്നത്. ഇതിനൊക്കെ ജനങ്ങള്‍ തിരിച്ചടി നല്‍കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.